Monday 24 December 2018

സ്ത്രീകൾക്ക് പ്രവേശനമില്ല


എണ്പത്തിമൂന്നു  വയസ്സുള്ള മുത്തശ്ശിക്കു  പത്തു വയസുള്ള  കൊച്ചുമോളെ കാണണം.കൂത്തമ്പലത്തിലെ ദേവിക്കു കുരുതി നേർന്നു.ഇനി അവൾ വരും.

വന്നു. ഇനി ദേവിയെ കാണാൻ അമ്പലത്തിലേക്ക് .അകത്തമ്മയും കാർത്യായിനിയും കൂട്ട്. എല്ലാം സ്ത്രീകൾ തന്നെ.

സുബ്രഹ്മണ്യന്റെ നടയുടെ  മുൻപിൽ തുള്ളിചാടിയെത്തി.പകുതിയെ  കാണുന്നുള്ളു .ആണുങ്ങൾക്കു  മുഴുവനും  കാണാം. കുറച്ചു കുനിഞ്ഞു തൊഴുതാൽ കുറച്ചുകൂടെ കാണാം .

ഉള്ളിൽ സ്ത്രീകൾക്കു പ്രവേശനമില്ല.

ചെണ്ട കൊട്ട്  തലയിൽ മുഴങ്ങുന്നു ...ചെറുതായ്  തല കറങ്ങുന്നുണ്ട്. നിന്ന്  മടുത്തു , പക്ഷെ നിന്നേ പറ്റൂ.

തിരുമേനി ആണുങ്ങൾക്ക് പ്രസാദം കൊടുക്കുന്നുണ്ട്. ഇനി എട്ടുപത്തു ആണുങ്ങളും കൂടിയൊള്ളു . അതുകഴിഞ്ഞു സ്ത്രീകൾക്കു തരും.

തിരുമേനി വന്നു പ്രസാദം തന്നു .ഇനി കൂത്തമ്പലത്തിലേക്കു ഓടാം !

കല്ലും മണ്ണും  കാലിൽ കുത്തുന്നുണ്ട് .കൂത്തമ്പലത്തിലെ കൊത്തുപണിയില്ലാത്ത പഴേ കുറുന്തോട്ടി തൂണ് ! തണുത്തു നനഞ്ഞ പടിയിൽ കാലു വച്ചു...താഴെ മാറിനിൽക്കുന്ന സ്ത്രീ പറഞ്ഞു "സ്ത്രീകൾക്കു പ്രവേശനമില്ല "

മുത്തശ്ശി  പറഞ്ഞു "കൊച്ചുപിള്ളേർക്കു കയറാം" .അവർ പിറുപിറുത്തു , എന്റെ  മുഖം വാടി .അപ്പൊ സ്ത്രീ ആയി! ശരി.

"കുരുതി പ്രസാദം ഇലയിൽ വെളിയിൽ വെച്ചിട്ടുണ്ട് " ആ സ്ത്രീ പറഞ്ഞു ..."ധാരാളം ഉണ്ട് . എത്ര വേണമെങ്കിലും  എടുത്തോളൂ " .അതിനെങ്കിലും  കണക്കൊന്നുമില്ല .നന്നായി.

തിരിച്ചു താഴോട്ടിറങ്ങി .മുത്തശ്ശി ദേവിയെ ഉറക്കെ വിളിച്ചു ."എന്റെ ഭഗവതി ..എന്റെ കുഞ്ഞിനെ കാണാൻ കിട്ടിയല്ലോ !". ഉള്ളിൽ നിന്നു ദേവി കേട്ടുകാണണം.

"ഇവിടുന്ന കാണാം" മുത്തശ്ശി പറഞ്ഞു . "വിളക്കു  കണ്ടോ .....അത് ദേവിയുടെ മുന്നിലാണ്" .വിളക്കു  കണ്ടു...ദേവിയെ കണ്ടില്ല .അത്രേ കാണു  ഇനി മുതൽക്കു....

ഉള്ളിലേക്കു സ്ത്രീകൾക്ക് പ്രവേശനമില്ല.

Respect

Listen to me dear man child, listen to my tale I'd like to tell you a story, of this daughter of the Earth Why does this world clamour f...